അധ്യായം പതിമൂന്ന് : സലഫികള്‍ പറയുന്നു: ഇസ്ലാമികതര രാഷ്ട്രങ്ങളിലെ സ്ഥിരതാമസവും പൌരത്വവും നിഷിദ്ധം!.


അധ്യായം പതിമൂന്ന്

സലഫികള്‍ പറയുന്നു: ഇസ്ലാമികതര രാഷ്ട്രങ്ങളിലെസ്ഥിരതാമസവും പൌരത്വവും നിഷിദ്ധം!.


ശൈഖ് ഇബ്നു ബാസിന്റെ മുമ്പില്‍ ഉന്നയിക്കപ്പെട്ട ഒരു ചോദ്യവും അതിനദ്ദേഹം നല്‍കിയ മറുപടിയും കാണുക:

(ചോദ്യം: മുസ്ലിംകളായ ധാരാളമാളുകള്‍ അമേരിക്ക പോലെയുള്ള നാടുകളിലേക്ക്, അവിടെ സ്ഥിര താമസമാക്കുവാന്‍ വേണ്ടി പോവുകയും അവിടത്തെ പൌരത്വം സ്വീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. കുഫ്റിന്റെയും ശിര്‍ക്കിന്റെയും അധാര്‍മികതയുടെയും രാജ്യമാണതെന്ന് അറിഞ്ഞുകാണ്ട് അവിടെ സ്ഥിരതാമസമാക്കുന്നതും അവിടുത്തെ പൌരത്വം സ്വീകരിക്കുന്നതും അനുവദനീയമാണോ?. ഇസ്ലാമിക രാജ്യങ്ങളില്‍നിന്ന് തങ്ങളുടെ പൌരത്വം അങ്ങോട്ട് മാറ്റുകയും ആ നാട്ടിലെ ഭരണകൂടവുമായി വലാഅ് (ആത്മബന്ധം) ഉണ്ടാക്കുകയും ചെയ്യുന്നത് എങ്ങനെയാണ് ശരിയാവുക?. ഇസ്ലാമിന്റെ പ്രചരണത്തിന് അത് അവസരമൊരുക്കും എന്നവര്‍ കരുതുന്നുവെങ്കില്‍ അതിന്റെ ഇസ്ലാമിക വിധി എന്താണ്?.

മറുപടി: അനിസ്ലാമികമായ ഒരു ഗവണ്‍മെന്റിന്റെ പൌരത്വം സ്വീകരിക്കല്‍ മുസ്ലിംകള്‍ക്ക് അനുവദനീയമല്ല. എന്തെന്നാല്‍ അത് അവയുമായി ആത്മബന്ധം സ്ഥാപിക്കുന്ന വഴികളിലൊന്നും ആ രാഷ്ട്രം നിലകൊള്ളുന്ന അനിസ്ലാമികാശയത്തോട് ഐക്യപ്പെടലുമാണ്. പൌരത്വം സ്വീകരിക്കാതെ അവിടെ താമസിക്കുക എന്നതും ശരിയല്ല എന്നതുതന്നെയാണ് അടിസ്ഥാന നിയമം. 'തങ്ങളോട് തന്നെ അതികമം പ്രവര്‍ത്തിച്ചവരെ മലക്കുകള്‍ മരിപ്പിക്കുന്ന സന്ദര്‍ഭം. അവര്‍ ചോദിക്കും ഭൂമിയില്‍ നിങ്ങള്‍ എന്തെടുക്കുകയായിരുന്നു...' എന്ന അല്ലാഹുവിന്റെ പ്രഖ്യാപനവും 'ബഹുദൈവ വിശ്വാസികള്‍ക്കിടയില്‍ വസിക്കുന്ന മുസ്ലിംകളുമായി എനിക്കൊരു ബന്ധവുമില്ല' എന്നു തുടങ്ങിയ ധാരാളം പ്രവാചക വചനങ്ങളൂം അതാണ് തെളിയിക്കുന്നത്. സാധ്യമെങ്കില്‍ ശിര്‍ക്കിന്റെ നാട്ടില്‍നിന്ന് ഇസ്ലാമിക രാജ്യത്തേക്ക് ഹിജ്റ ചെയ്യണമെന്നതാണ് മുസ്ലിംകളൂടെ ഏകോപിതാഭിപ്രായം. എന്നാല്‍ പണ്ഡിതന്മാരും ദീനില്‍ ദീര്‍ഘവീക്ഷണമുള്ളവരും ബഹുദൈവ വിശ്വാസികള്‍ക്കിടയില്‍, അവര്‍ക്ക് ഇസ്ലാമിന്റെ സന്ദേശമെത്തിക്കുകയും അതിലേക്ക് ക്ഷണിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ നിലകൊള്ളുകയാണെങ്കില്‍ അതില്‍ തെറ്റില്ല; തങ്ങളുടെ ആദര്‍ശം പരീക്ഷിക്കപ്പെടുമെന്ന ഭയമില്ലാതിരിക്കുകയും അവരില്‍ സ്വാധീനം ചെലുത്താനും അവരെ ഹിദായത്തിലേക്ക് നയിക്കാനും സാധിക്കുമെന്ന പ്രതീക്ഷയുണ്ടാവുകയും ചെയ്യുകയാണെങ്കില്‍)..

സുഊദിയിലെ ഫത്വാ സമിതിയുടെ ഇവ്വിഷയകമായ ഫത്വ ഇങ്ങനെ:

(ചോദ്യം: ഒരാള്‍ ഒരു അറബ് മുസ്ലിം രാജ്യത്തുനിന്ന് തന്റെ പൌരത്വം മറ്റൊരു അറബ് മുസ്ലിം രാജ്യത്തേക്ക് മാറ്റുന്നതിന്റെയും അറബ് മുസ്ലിം രാജ്യത്തുനിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് –തന്റെ സംശുദ്ധമായ ഇസ്ലാമികാദര്‍ശം കാത്തുസൂക്ഷിച്ചുകാണ്ടുതന്നെ-മാറ്റുന്നതിന്റെയും ഇസ്ലാമിക വിധിഎന്താണ്?.

മറുപടി: ഒരു മുസ്ലിം രാഷ്ട്രത്തില്‍നിന്നും മറ്റൊരു മുസ്ലിം രാഷ്ട്രത്തിലേക്കുള്ള പൌരത്വ മാറ്റം അനുവദനീയമാണ്. എന്നാല്‍ മുസ്ലിം രാഷ്ട്രത്തില്‍നിന്നും അമുസ്ലിം രാഷ്ട്രത്തിലേക്ക് പൌരത്വം പറിച്ചു നടുന്നത് അനുവദനീയമല്ല).

ജമാഅത്തെ ഇസ്ലാമി പറയാത്ത ഇത്തരം കാര്യങ്ങള്‍ കൂടി ലോക സലഫി പണ്ഡിതന്മാര്‍ മുമ്പേപറഞ്ഞിട്ടുണ്ടെന്നും, അതിനാല്‍ തന്നെ മുജാഹിദുകള്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ ഉന്നയിക്കുന്ന മുഴുവന്‍ 'ഇസ്ലാമിക വിരുദ്ധത'കള്‍ക്കും നിങ്ങള്‍ക്ക് ഒന്നാന്തരം മാതൃക സ്വന്തം പേരിനൊപ്പം ചേര്‍ത്തുവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന 'സലഫി'കളിലുണ്ടെന്നും ഇപ്പോഴെങ്കിലും താങ്കളെപ്പോലുള്ള മുജാഹിദ് സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍ ജമാഅത്തെ ഇസ്ലാമിക്ക് ആവര്‍ത്തിച്ചാവശ്യപ്പെടാനുള്ളതിതാണ്: ഇത്തരം വിഷയങ്ങളില്‍ ഇനിയും ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കണമെന്നുണ്ടെങ്കില്‍ വിമര്‍ശിച്ചുകൊള്ളുക; യാതൊരു വിരോധവുമില്ല. പക്ഷേ, ആ വിമര്‍ശനം ജമാത്തിനെതിരെ മാത്രമാകരുത്. ജമാഅത്ത് പറയുന്ന മുഴുവന്‍ കാര്യങ്ങളും അതിനേക്കാള്‍ ശക്തമായി അവതരിപ്പിച്ചിട്ടുള്ള സലഫികളെ പ്രഥമസ്ഥാനത്ത് നിറുത്തി അവരെയും മൌദൂദിയെയും ഒന്നിച്ച് വിമര്‍ശിക്കുക; കേരളാ മോഡല്‍ ഇസ്‌ലാഹീ പ്രവര്‍ത്തനത്തിന്റെ ആകത്തുകയായ തെറിയഭിഷേകങ്ങങ്ങളും വെല്ലുവിളികളും സലഫികളുടെ നേരെയും നടത്തിക്കൊണ്ടേയിരിക്കുക. മരിക്കുവോളം നിറുത്തരുത്.(موتوا بغيظكم) 'നിങ്ങളുടെ പക കാരണം നിങ്ങള്‍ മരിച്ചുക്കൊള്ളുക' എന്നാണല്ലോ ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്); നിറുത്തിയാല്‍ അത് 'ആദര്‍ശവ്യതിയാന'മായി ആരെങ്കിലും തെറ്റിദ്ധരിച്ചേക്കും!.

ജമാഅത്തെ ഇസ്ലാമിയുടെ 'അനിസ്ലാമികത' വ്യക്തമാക്കാനായി മുജാഹിദ് മൌലവിമാരും ഇമെയ്ല്‍ ജിഹാദുകാരും സ്ഥിരമായി ഉദ്ധരിക്കാറുള്ള ആദ്യകാല ജമാഅത്ത് നേതാക്കളുടെയും പണ്ഡിതന്മാരുടെയും കുറേ പ്രസ്താവനകളാണ് സലഫി പണ്ഡിത വചനങ്ങളുമായി നാം താരതമ്യം ചെയ്തത്. അവ തമ്മില്‍ യാതൊരു വൈര്യുദ്ധ്യവുമില്ലെന്നും ഏതാണ്ട് ലോക സലഫികള്‍ പ്രചരിപ്പിക്കുന്ന അതേ കാര്യങ്ങള്‍ തന്നെയാണ് സയ്യിദ് മൌദൂദിയും ജമാഅത്തും പറഞ്ഞിട്ടുള്ളതെന്നും, ഇസ്ലാമികതര ഭരണകൂടത്തോട് മുസ്ലിംകള്‍ സ്വീകരിക്കേണ്ട 'വിട്ടുനില്‍ക്കല്‍' സമീപനത്തിന്റെ കാര്യത്തില്‍ ജമാഅത്ത് പറഞ്ഞതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ കൂടുതല്‍ കര്‍ക്കശമായി സലഫികള്‍ പറഞ്ഞിട്ടുണ്ടെന്നും ജമാഅത്ത്, ഇസ്ലാമിക വ്യവസ്ഥക്കുവേണ്ടി പണിയെടുക്കുന്നവരെന്ന നിലക്ക് അതിന്റെ അംഗങ്ങള്‍ക്ക് മാത്രം വിലക്കിയകാര്യങ്ങള്‍ പോലും ലോക സലഫി പണ്ഡിതന്മാര്‍ മുസ്ലിംകള്‍ക്കൊന്നടങ്കം വിലക്കിയിട്ടുണ്ടെന്നും അതില്‍നിന്ന് സുതരാം വ്യക്തമാണല്ലോ.

ഇനി ഇവ്വിഷയകമായ മുജാഹിദ് നിലപാട് പരിശോധിച്ചാല്‍, സലഫികളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ 'മന്‍ഹജ്' സ്വീകരിച്ചവരായും, നിഷിദ്ധമെന്ന് സലഫി പണ്ഡിതന്മാര്‍ സംശയരഹിതമായി വ്യക്തമാക്കിയ ഏതാണ്ടെല്ലാ കാര്യങ്ങളെ കുറിച്ചും പ്രമാണങ്ങളുടെ യാതൊരു പിന്‍ബലവുമില്ലാതെ, ഇസ്ലാമികമായ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഒന്നുമില്ലെങ്കിലും കേവല ധനസമ്പാദനത്തിനായാല്‍ പോലും 'ഇസ്ലാമികമായി യാതൊരു തെറ്റുമില്ലെ'ന്ന് ഫത്വ നല്‍കിയവരായും, സലഫി-ജമാഅത്ത് നിലപാട് മതതത്വങ്ങളെ വളച്ചൊടിക്കലാണെന്ന് പറയുന്നവരായുമാണ് അവരെ കണ്ടെത്താനാവുക!. 'ഇന്ത്യന്‍ മുസ്ലിംകള്‍ സുപ്രിം കോടതി ജഡ്ജിവരെയുള്ള ഉദ്യോഗങ്ങളും പഞ്ചായത്ത് പ്രസിഡണ്ടു മുതല്‍ രാഷ്ട്രപതി വരെയുള്ള സ്ഥാനങ്ങളും വഹിക്കുന്നതിനെ മതത്തിന്റെ കാഴ്ചപ്പാടില്‍ താങ്കള്‍ എങ്ങനെ കാണുന്നു' എന്ന ചോദ്യത്തിന്റെ ഉത്തരത്തില്‍ വ്യത്യസ്ത മുജാഹിദ് മൌലവിമാര്‍ എഴുതുന്നത് കാണുക:

എം.ഐ തങ്ങള്‍: 'ഇസ്ലാം വിലക്കിയിട്ടില്ലെന്ന് മാത്രമല്ല, ഇന്ത്യ മുസ്ലിംകളുടെ കൂടി രാജ്യമായതുകൊണ്ട് ഈ സ്ഥാനങ്ങളൊക്കെ നേടാന്‍ ശ്രമിക്കുകയും വേണം.'

പി. മുഹമ്മദ് കുട്ടശ്ശേരി: 'ഒരു സുപ്രിം കാടതി ജഡ്ജി ചെയ്യുന്നത് തന്റെ മുമ്പില്‍ വരുന്ന കേസുകളില്‍ ഭരണഘടനയനുസരിച്ച് തീര്‍പ്പുകല്‍പിക്കുക മാത്രമാണ്. ഇന്ത്യന്‍ ഭരണഘടനയാണ് ഇന്ത്യയിലെ എല്ലാ ഭരണപരമായ കാര്യങ്ങള്‍ക്കും അടിസ്ഥാനം. പഞ്ചായത്ത്, നിയമസഭ, പാലമെന്റ് തുടങ്ങിയ നിയമനിര്‍മാണ-ഭരണ വേദികളും കോടതികളുമെല്ലാം ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കുന്നു. ഈ ഭരണഘടനയാവട്ടെ ഇന്ത്യയുടെ ഭരണം നിര്‍വഹിക്കാന്‍ വേണ്ടി ഇന്ത്യക്കാര്‍ തന്നെ എഴുതി തയ്യാറാക്കിയതുമാണ്. ഈ ഭരണഘടനയനുസരിച്ച് നിയമങ്ങള്‍ നിര്‍മിക്കുക മാത്രമാണ് ജനപ്രതിനിധിസഭകള്‍ നിര്‍വഹിക്കുന്നത്. ഇത്തരം സഭകളില്‍ മെമ്പറാകുന്നതിനോ കാടതികളില്‍ ജോലി സ്വീകരിക്കുന്നതിനെയോ ദൈവികനിയമത്തിന്റെ ലംഘനമായും ഇസ്ലാമിക ശരീഅത്തിന് വിരുദ്ധമായ നടപടിയായും വ്യാഖ്യാനിക്കുന്നത് മതതത്ത്വങ്ങളെ വളച്ചൊടിക്കലാണ്.' ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്: 'മുസ്ലിംകള്‍ക്ക് കൂടെ പങ്കുള്ള ഈ രാഷ്ട്രത്തിലെ ഏത് പദവിയുംഒരു മുസ്ലിമിന് വഹിക്കാവുന്നതാണ്.' (ബഹുമത സമൂഹത്തിലെ മുസ്ലിം, യുവത ബുക്ക് ഹൌസ്)

ചുരുക്കത്തില്‍ ഇസ്ലാമികതര ഭരണകൂടത്തോടുള്ള സമീപനത്തിന്റെ വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമിയും ലോക സലഫി പണ്ഡിതന്മാരും ഏതാണ്ട് ഒരേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അവരില്‍നിന്നെല്ലാം ഭിന്നമായതും ഇസ്ലാമിക ലോകത്ത് മാതൃകയില്ലാത്തതുമായ, 'കേരളാ സ്പെഷ്യല്‍ മന്‍ഹജാ'ണ് മുജാഹിദുകളുടേതെന്നും ഇത്രയും വിശദീകരിച്ചതില്‍നിന്ന് വ്യക്തം. ഇക്കാര്യം ജമാഅത്ത് വിമര്‍ശന സ്പെഷ്യലിസ്റ്റായ മുജാഹിദ് മൌലവി തന്നെ വ്യക്തമാക്കുന്നത് കാണുക: 'ഇസ്ലാമികേതര നിയമങ്ങളനുസരിച്ച് വിധിക്കുന്ന കോടതികളില്‍ വിധിതേടുന്നത് ഗള്‍ഫിലെ സലഫികള്‍ നിഷിദ്ധമായി കാണുന്നു. അപ്രകാരം അവയില്‍ ഒരു മുസ്ലിം ന്യായാധിപനും അഭിഭാഷകനുമാകുന്നതും അവര്‍ അംഗീകരിക്കുന്നില്ല... ചുരുക്കിപ്പറഞ്ഞാല്‍ ഇസ്ലാമികതര ഭരണകൂടങ്ങളോടും കോടതികളോടും ബന്ധപ്പെട്ട കാര്യങ്ങളില്‍ ഗള്‍ഫ് സലഫികളുടേയും ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റേയും 'മന്‍ഹജു'കള്‍ തമ്മില്‍ മൌലികമായ അന്തരമുണ്ട്. മാത്രമല്ല, ഈ വിഷയത്തില്‍ യഥാര്‍ഥ ഇഖ്വാനികളുടേയും മൌദൂദികളുടേയും 'മന്‍ഹജി'ലാണ് ഗള്‍ഫ് സലഫികള്‍ നിലകൊള്ളൂന്നത്.'(എം.ഐ മുഹമ്മദലി സുല്ലമി, ഗള്‍ഫ് സലഫികളും മുജാഹിദ് പ്രസ്ഥാനവും, പേജ്:114, 115).

എന്നാല്‍ ഇതേ മുജാഹിദ് മൌലവി, തന്റെ 'ജമാഅത്തെ ഇസ്ലാമിയും ഇസ്വ്ലാഹീ പ്രസ്ഥാനവും വിയോജിപ്പിന്റെ അടിസ്ഥാനം' എന്ന ഗ്രന്ഥത്തില്‍ പറയുന്നതു കാണുക: ചുരുക്കിപ്പറഞ്ഞാല്‍ ഇസ്ലാമികതര രാഷ്ട്രത്തിലെ നീതിന്യായ വ്യവസ്ഥയോട് സഹകരിക്കുന്നതും അതിന്റെ കോടതികളില്‍ ന്യായാധിപനോ അഭിഭാഷകനൊ ആയി ജോലി ചെയ്യുന്നതും തൌഹീദിന്ന് വിരുദ്ധമാണെന്ന് ജമാഅത്തെഇസ്ലാമി വാദിച്ചു.....മൌദൂദിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും ഇത്തരം ആത്യന്തിക വാദങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇസ്‌ലാഹീ പ്രസ്ഥാനത്തിന് സാധ്യമല്ല. രാജ്യത്തെ മുസ്ലിംകള്‍ക്ക് അന്തസ്സും അഭിമാനവും ഒരിക്കലുമുണ്ടായിക്കുടാ എന്ന നിഷേധാത്മക നയമുള്ളവര്‍ക്കല്ലാതെ മൌദൂദിയുടെ വിദണ്ഡവാദങ്ങള്‍ അംഗീകരിക്കാനുമാവില്ല. ഇസ്‌ലാഹീ പ്രസ്ഥാനം ഈ രംഗത്ത് സ്വീകരിച്ച നിലപാട് തികച്ചും ബുദ്ധിപരവും പ്രായോഗികവുമായിരുന്നു. അത് ഖുര്‍ആനിനോടും പ്രവാചക ചര്യയോടും പൂര്‍വിക പണ്ഡിതന്മാരുടെ വീക്ഷണങ്ങളോടും തികച്ചും യോജിക്കുന്നതുമാണ് (പേജ്:50).

ഇത്തരം വാദങ്ങളുമായി നടക്കുന്ന മുജാഹിദ് സുഹൃത്തുക്കളോട് സ്നേഹപൂര്‍വം: ഇസ്ലാമികതര വ്യവസ്ഥകളോടുള്ള ജമാഅത്തിന്റെ വീക്ഷണമിരിക്കട്ടെ, മേലുദ്ധരിച്ചതുപോലുള്ള സലഫികളുടെ വീക്ഷണം ആത്യന്തികവും തെളിവുകളുടെ പിന്‍ബലമില്ലാത്തതുമാണെന്ന് തുറന്നുപറയാന്‍ ഇത്തരം മുജാഹിദ്മൌലവിമാര്‍ക്ക് ധൈര്യമുണ്ടോ?. ലോക സലഫികള്‍ 'മുസ്ലിംകള്‍ക്ക് അന്തസ്സും അഭിമാനവും ഒരിക്കലും ഉണ്ടായിക്കൂടാ എന്ന നിഷേധാത്മക നയമുള്ളവരാണെ'ന്ന് നിങ്ങള്‍ക്ക് വാദമുണ്ടോ?. ഉണ്ടെങ്കില്‍ അത്അങ്ങ് ഗള്‍ഫ് നാടുകളില്‍ ചെന്ന് തുറന്നുപറയാനുള്ള ചങ്കൂറ്റം കാണിക്കുക. 'ഇസ്‌ലാഹീ പ്രസ്ഥാനംഈ രംഗത്ത് സ്വീകരിച്ച നിലപാട് തികച്ചും ബുദ്ധിപരവും പ്രായോഗികവുമായി'ട്ടും എന്തുകാണ്ടാണത് സലഫി മന്‍ഹജില്‍നിന്ന് വ്യത്യസ്ഥമായത്?. ജമാഅത്തെ ഇസ്ലാമിയുടെ വാദം 'ആത്യന്തികവും പിന്തിരിപ്പനു'മാണെങ്കില്‍ അതെങ്ങനെയാണ് സലഫികളുടെ കൂടി നയമായത്?. ഇത്തരം വിഷയങ്ങളിലെ ജമാഅത്ത് നിലപാട് ഇസ്ലാമിക വിരുദ്ധമാണെന്ന് പറഞ്ഞ് സ്റ്റേജും പേജും അന്തരീക്ഷവും നിരന്തരം മലിനമാക്കിക്കൊണ്ടിരിക്കുന്ന നിങ്ങള്‍ എന്തുകാണ്ടാണ് നിങ്ങളംഗീകരിക്കുന്ന, നിങ്ങളുടെ ആശയക്കാരാണെന്ന്അവകാശപ്പെടുന്ന സലഫി പണ്ഡിതന്മാരുടെ സാന്നിദ്ധ്യത്തില്‍ ഒരു ജമാഅത്ത് മുജാഹിദ് ചര്‍ച്ചക്ക് തയ്യാറാകാത്തത്?. ഇതിനൊന്നും വ്യക്തമായ മറുപടിയില്ലെങ്കില്‍ ഇങ്ങിവിടെ കേരളത്തില്‍, ഇത്തരം വിഷയങ്ങളില്‍ ഗള്‍ഫ് സലഫികളുടെ അതേ നിലപാട് സ്വീകരിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ മാത്രം വിമര്‍ശിക്കുന്ന ബുദ്ധിപരമായ കാപട്യവുമായി കാലം കഴിക്കാം. അതിന്ന് ഇസ്ലാഹീ പ്രസ്ഥാനമെന്ന പേരും കൊടുക്കാം.

പ്രിയ മുജാഹിദ് സുഹൃത്തെ, ഇനിയെങ്കിലും സത്യമംഗീകരിക്കാനും സംഘടനാ സങ്കുചിതത്വത്തില്‍നിന്ന് പുറത്തുകടന്ന് യാഥാര്‍ഥ്യം കേരളീയ ഇസ്ലാമിക സമൂഹത്തോട് തുറന്നുപറയാനും താങ്കളെപ്പോലുള്ളവര്‍ തയ്യാറാകുമോ?.

No comments:

Post a Comment