അധ്യായം അഞ്ച്
ഹാക്കിമിയ്യത്തും വൈരുദ്ധ്യാധിഷ്ഠിത മുജാഹിദ് വാദവും
'ഞങ്ങള്‍ മുജാഹിദുകള്‍ ജീവിതത്തിലുടനീളം അല്ലാഹുവിന്റെ ഹാക്കിമിയ്യത്ത് അംഗീകരിക്കുന്നവരാണ്, ഇല്ലെന്നത് ജമാഅത്തുകാരുടെ ദുരാരോപണം മാത്രമാണ്'. മുജാഹിദ് പ്രസിദ്ധീകരണങ്ങളിലും പ്രഭാഷണങ്ങളിലും സര്‍വസാധാരണമായി വരാറുള്ള ഹാക്കിമിയ്യത്തിനെ നിഷേധിക്കുന്ന പ്രസ്താവനകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ മുജാഹിദ് സുഹൃത്തുക്കള്‍ പലപ്പോഴും ഉന്നയിക്കാറുള്ള എതിര്‍ ന്യായമാണിത്. എന്നാല്‍ ഈ ന്യായീകരണം ശുദ്ധ അസംബന്ധമാണെന്ന് തെളിയിക്കുന്ന മുജാഹിദ് മൌലവിമാരുടെ തന്നെ ഏതാനും പ്രസ്താവനകള്‍ കാണുക:
1) 'സലഫി പ്രസ്ഥാനം അടിസ്ഥന സിദ്ധാന്തങ്ങള്‍' എന്ന പേരില്‍ 1988ല്‍ മുജാഹിദുകളുടെ അല്‍മനാര്‍ മാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രശസ്ത സലഫി പണ്ഡിതന്‍ ശൈഖ് അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖിന്റെ ലേഖനം ഹാക്കിമിയ്യത്ത് സംബന്ധമായ ജമാഅത്തെ വീക്ഷണത്തെ പൂര്‍ണമായും ശരിവെക്കുന്നുവെന്ന് നേരത്തെ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ലോകസലഫികളൊന്നടങ്കം അംഗീകരിക്കുന്ന പ്രസ്തുത കാര്യം പക്ഷേ, ഹാക്കിമിയ്യത്തെന്നാല്‍ പ്രപഞ്ച ഭരണമാണെന്ന് തെറ്റിദ്ധരിച്ച, തെറ്റിദ്ധരിപ്പിക്കുന്ന മുജാഹിദുകള്‍ക്ക് അംഗീകരിക്കുക വയ്യല്ലോ. അതേസമയം സ്വന്തം മുഖപത്രത്തില്‍ സലഫി പണ്ഡിതന്റേതായി വന്ന, തെളിവുസഹിതമുള്ള പ്രസ്തുത വിശദീകരണങ്ങളെ അങ്ങനെയങ്ങ് തള്ളാനും പറ്റില്ല. എങ്കിലും,ജമാഅത്തെ ഇസ്ലാമി പറയുന്ന ഹാക്കിമിയ്യത്തിനെ ശരിവെക്കുന്നതിനാല്‍ തൊട്ടടുത്ത ലക്കത്തില്‍ കെ.പി മുഹമ്മദ് മൌലവി അതിലെ 'അബദ്ധങ്ങള്‍' ചൂണ്ടിക്കാണിച്ചും മുജാഹിദ് വീക്ഷണം വ്യക്തമാക്കിയുംലേഖനമെഴുതിയിട്ടുണ്ട് എന്നാണ് സാധാരണയായി മുജാഹിദ് സുഹൃത്തുക്കള്‍ വാദിച്ചൊപ്പിക്കാറുള്ളത്. ഈവാദത്തോടെ ലോക സലഫികള്‍ അംഗീകരിക്കുന്ന ഹാക്കിമിയ്യത്തുള്‍പ്പെടെയുള്ള തൌഹീദ് മുജാഹിദുകള്‍ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമായി. ഇനി കെ.പി മുഹമ്മദ് മൌലവി തിരുത്തി എന്ന് പറഞ്ഞത് വാസ്തവമാണോ എന്നാണ് പരിശോധിക്കപ്പെടേണ്ടത്. അതുസംബന്ധമായി വിവിധ സന്ദര്‍ഭങ്ങളില്‍ അവര്‍ എഴുതിയ വാചകങ്ങളെടുത്ത് പരിശോധിച്ചാല്‍ മുജാഹിദ് മൌലവിമാരുടെ 'സത്യസന്ധത' എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാന്‍ വളരെ എളുപ്പമായിരിക്കും.
മുജാഹിദ് മടവൂര്‍ വിഭാഗം എഴുതുന്നു: 'ഭിന്നിപ്പുകാരുടെ(മുജാഹിദ് എ.പി വിഭാഗത്തിന്റെ-ലേഖകന്‍) ഒരു വാദമിതാണ്: 'നമ്മുടെ ഗ്രന്ഥങ്ങളിലും പുസ്തകങ്ങളിലും പ്രസിദ്ധീകരണങ്ങളിലുമൊക്കെ ബോധപൂര്‍വമല്ലാത്ത ചില അബദ്ധങ്ങള്‍ സ്ഥാനം പിടിച്ചതായി കണ്ടെത്താന്‍ സാധിക്കും... ഉദാഹരണം: സലഫിപ്രസ്ഥാനം അടിസ്ഥാന സിദ്ധാന്തങ്ങളെന്ന അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖിന്റെ ലേഖനം അല്‍മനാല്‍ 1988 സെപ്തംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു. പ്രസ്തുത ലേഖനത്തില്‍ ചില തെറ്റുകളുള്ളതിനാല്‍ അടുത്ത ലക്കത്തില്‍തന്നെ(1988 ഒക്ടോബര്‍) പ്രതികരണം എന്ന തലക്കെട്ടില്‍ അല്‍മനാര്‍ തന്നെ അത് തിരുത്തുകയും ചെയ്തു. അത് അബദ്ധമായിരുന്നു.(ആരോപകരുടെ ഒന്നാം പ്രബന്ധം, പേജ്:3)
മറുപടി: നമ്മുടെ പ്രസിദ്ധീകരണങ്ങളില്‍ അബദ്ധങ്ങളുണ്ടാകാറുണ്ട്. അവ ശ്രദ്ധയില്‍ പെട്ടാല്‍ തിരുത്താറുമുണ്ട്. ഇതൊന്നും വ്യതിയാനങ്ങളല്ല എന്നത് ശരി. എന്നാല്‍, അല്‍മനാറില്‍ പ്രസിദ്ധീകരിച്ച 'സലഫി പ്രസ്ഥാനം അടിസ്ഥാന സിദ്ധാന്തങ്ങള്‍' എന്ന ഇഖ്വാനീ നേതാവ് അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ഖാലിഖിന്റെ ലേഖനം ഇതുപോലെ ഒരു അബദ്ധം മാത്രമാണെന്നും അത് തിരുത്തിയിട്ടുണ്ട് എന്നും ഭിന്നിപ്പുകാര്‍ പറയുന്നത് പരിഹാസ്യമാണ്. എന്തുകാണ്ടെന്നാല്‍ 1988 സെപ്തംബറില്‍ വന്ന പ്രസ്തുത ലേഖനത്തെ പറ്റി 1989 മാര്‍ച്ചില്‍ അല്‍മനാറിലെ ചോദ്യോത്തര പംക്തിയില്‍ ന്യായീകരിച്ചുകാണ്ട് എഴുതിയത്ഇങ്ങനെ വായിക്കാം: 'യഥാര്‍ഥത്തില്‍ അല്‍മനാറിലെ പ്രസ്തുത ലേഖനത്തില്‍ ഇസ്ലാമിക വിശ്വാസത്തിനെതിരായി യാതൊന്നുമില്ല'. ആരോപകര്‍ പറയട്ടെ, ഇത് തിരുത്തിയതാണോ അതോ, ആവര്‍ത്തിച്ച് സത്യപ്പെടുത്തിയതാണോ?. സത്യപ്പെടുത്തിയതാണെങ്കില്‍ ഇത് വ്യതിയാനമല്ലേ?. ഇത് വെറും അബദ്ധം മാത്രമാണെന്ന് പറയുന്ന ആരോപകരുടെ വാദം പരിഹാസ്യമല്ലേ?.
അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖിന്റെ ലേഖനം 1988 ഒക്ടോബറില്‍ പ്രതികരണ കോളത്തില്‍ അല്‍മനാര്‍ തിരുത്തി എന്നാണ് ആരോപകര്‍ വാദിക്കുന്നത്. യഥാര്‍ഥത്തില്‍ പ്രതികരണ കോളത്തിലാണ് തെറ്റുകള്‍ തിരുത്തുക എന്നത് മാലോകര്‍ക്ക് പുതിയ അറിവാണ്!!. ഇനി അത് തിരുത്താണെന്ന് വാദത്തിന് സമ്മതിച്ചാല്‍ തന്നെ, ഇസ്ലാമിക വിശ്വാസത്തിനെതിരായി അബ്ദുല്‍ ഖാലിഖിന്റെ ലേഖനത്തില്‍ യാതൊന്നുമില്ലെന്ന് സത്യപ്പെടുത്തിയത് ഇതിന് ശേഷമാണല്ലോ!.(അല്‍മനാര്‍ 1989 മാര്‍ച്ച്) ആരോപകരുടെ വാദം ഇവിടെ പൊളിയുന്നു....
ലോക ഇഖ്വാനീ നേതാവായ അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖിന്റെ ലേഖനം അല്‍മനാര്‍ (1988 സെപ്തംബര്‍ ലക്കത്തില്‍) പ്രസിദ്ധീകരിച്ചത് സൂചിപ്പിച്ചുവല്ലോ. ശബാബിലെ ഖര്‍ദാവിയുടെ ലേഖനം ഇഖ്വാനിസമെന്നും ആദര്‍ശവ്യതിയാനമെന്നും പ്രചരിപ്പിക്കുന്ന ആരോപകര്‍ തന്നെ അല്‍മനാറിലെ അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖിന്റെ ലേഖനത്തെ ഇഖ്വാനിസമെന്നും വ്യതിയാനമെന്നും ആരോപിക്കുന്നില്ല!. അല്‍മനാറില്‍ വന്നത് കേവലം അബദ്ധമാണുപോലും!. ശബാബില്‍ വന്നത് അങ്ങനെ കരുതുകവയ്യത്രെ!!. ഹാക്കിമിയ്യത്തിന് ലോകാടിത്തറയുണ്ടാക്കിക്കൊടുക്കാന്‍ അബ്ദുല്‍ ഖാലിഖ് എഴുതിയ പ്രസ്തുത ലേഖനത്തിലെ ഏതാനും വരികള്‍ അല്‍മനാറില്‍നിന്ന് ഇങ്ങനെ വായിക്കാം: 'അല്ലാഹുവിന്റെ ശരീഅത്തിനെ അവലംബമാക്കാതെയോ അതിന്റെ അന്തസത്ത ഉള്‍ക്കൊള്ളാതെയോ മനുഷ്യരുടെ ഭൌതിക കാര്യങ്ങളില്‍ നിയമനിര്‍മാണം നടത്താന്‍ ഒരുത്തനവകാശമുണ്ടെന്ന് ഒരാള്‍ വിശ്വസിച്ചാല്‍ അവന്‍ അല്ലാഹുവല്ലാത്തവര്‍ക്ക് ഇബാദത്ത് ചെയ്യുകയും വ്യക്തമായ ശിര്‍ക്കില്‍ അകപ്പെടുകയും ചെയ്തതുതന്നെ'.... അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖിന്റെ അല്‍മനാറില്‍ വന്ന ലേഖനം(1988 സെപ്തംബര്‍) തൊട്ടടുത്ത ലക്കത്തില്‍ തന്നെ തിരുത്തി എന്ന് ആരോപകര്‍ രണ്ടാം പ്രബന്ധത്തിലും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ട്.(രണ്ടാം പ്രബന്ധം പേജ്:21) എന്നാല്‍ തിരുത്തി എന്ന് പറയുന്നത് ശുദ്ധ നുണയാണ്.(മുജാഹിദ് പ്രസ്ഥാനത്തിലെ ഭിന്നിപ്പ്: കാരണങ്ങളും വസ്തുതകളും. പേജ്: 58,59,80)
മുജാഹിദ് പ്രസ്ഥാനം പിളരുന്നതിന് മൂന്ന് വര്‍ഷം മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട 'ഫെയ്സ് റ്റു ഫെയ്സ്' എന്ന പുസ്തകത്തില്‍ ഈ 'ശുദ്ധ നുണ' പ്രമുഖ മുജാഹിദ് പണ്ഡിതന്‍ എന്‍.വി സക്കരിയ്യ എഴുതിവിട്ടതിങ്ങനെ: ചോദ്യത്തില്‍ ഉദ്ധരിച്ച അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖിന്റെ പ്രസ്താവന അതിശയോക്തിനിറഞ്ഞതും വസ്തുതകളെ സാമാന്യവല്‍ക്കരിച്ച് വിലയിരുത്തുന്നതുമാണ്. അല്‍പം വൈകാരികവുമാണെന്ന്പറയാം. പൂര്‍ണമായി അംഗീകരിക്കുന്നില്ല. വളരെ വിശദീകരണം ആവശ്യമായ പരാമര്‍ശമാണിത്. 'അല്‍മനാര്‍' പ്രസിദ്ധീകരിച്ച അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖിന്റെ ലേഖനത്തില്‍ മുജാഹിദുകള്‍ക്ക് യോജിപ്പുള്ളതും യോജിപ്പില്ലാത്തതുമുണ്ട്. അത് തൊട്ടടുത്ത ലക്കത്തില്‍ മര്‍ഹൂം കെ.പി മുഹമ്മദ് മൌലവി എഴുതിയിട്ടുണ്ട്. ആ ഭാഗം(1988 ഒക്ടോബര്‍) വായിക്കുക.... എന്തുതന്നെയായാലും ഇതു സംബന്ധമായി ഇന്ത്യയിലെ ജമാഅത്ത് വാദിക്കുന്ന വാദഗതിയോട് അദ്ദേഹം തീര്‍ത്തും വിയോജിക്കുന്നുവെന്നതാണ് സത്യം.(പേജ്: 110,139)
പ്രിയ മുജാഹിദ് സുഹൃത്തേ, പറയൂ: ആരാണ് ശുദ്ധ നുണ പ്രചരിപ്പിക്കുന്നവര്‍?. ജീവിതത്തിലുടനീളം നിയമനിര്‍മാണത്തിന്റെ പരമാധികാരം അല്ലാഹുവിനാണെന്ന് നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ?. ഉണ്ടെങ്കില്‍ ശൈഖ് അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖ് വിശദീകരിച്ച തൌഹീദിന്റെ ഹാക്കിമിയ്യത്തുമായി ബന്ധപ്പെട്ട വശം 'തിരുത്താതെ' അംഗീകരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കാത്തത് എന്തുകാണ്ടാണ്?. മേലുദ്ധരിച്ച, തൌഹീദുമായി നേര്‍ക്കുനേരെ ബന്ധപ്പെട്ട ഹാക്കിമിയ്യത്തിന്റെ വിഷയത്തിലുള്ള പരസ്പരവിരുദ്ധവും ഫലിതസമാനവുമായ മുജാഹിദ് മൌലവിമാരുടെ പ്രസ്താവനകളെ കുറിച്ച് എന്തുപറയുന്നു?. അതില്‍ ആരുടെ വാദമാണ് ഞങ്ങള്‍ അംഗീകരിക്കേണ്ടത്?. - ഒന്ന് വ്യക്തമാക്കിയാലും.
2) ഇനി, ക.എം. മൌലവിയുടെ മകനും സൌദിയില്‍ സലഫികള്‍ക്കിടയില്‍ പഠിച്ചുവളര്‍ന്ന പ്രമുഖ മുജാഹിദ് പണ്ഡിതനുമായ അബ്ദുസമദ് അല്‍കാതിബ്, 2001 ജൂണ്‍ 4ന് ചേര്‍ന്ന കേരള ജംഇയ്യത്തുല്‍ ഉലമയുടെ നിര്‍വാഹക സമിതി കൈകൊണ്ട ഹാക്കിമിയ്യത്തുമായി ബന്ധപ്പെട്ട തീരുമാനത്തെ ഖണ്ഡിച്ചുകാണ്ട് എഴുതിയ കത്തും, പ്രസ്തുത കത്ത് പ്രബോധനത്തിലൂടെ പുറം ലോകമറിഞ്ഞപ്പോള്‍ ഹാക്കിമിയ്യത്ത്സംബന്ധമായ മുജാഹിദ് വീക്ഷണത്തെയും കാതിബിന്റെ വീക്ഷണത്തെയും സംയോജിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കവെ എം.ഐ മുഹമ്മദലി സുല്ലമി ഒന്നിനു പിറക മറ്റൊന്നായി വൈരുദ്ധ്യങ്ങളില്‍ ചെന്ന്ചാടിയതും കാണുക.
അബ്ദുസമദ് അല്‍കാതിബ് എഴുതുന്നു: 2001 ജൂണ്‍ നാലിന് ചേര്‍ന്ന കേരള ജംഇയ്യത്തുല്‍ ഉലമാ നിര്‍വാഹക സമിതി യോഗ തീരുമാനങ്ങള്‍ എന്റെ ദൃഷ്ടിയില്‍പെട്ടു. കേരള നദ്വതുല്‍ മുജാഹിദീന്നും പോഷകഘടകങ്ങള്‍ക്കും മതപരമായ കാര്യങ്ങളില്‍ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ജംഇയ്യത്തുല്‍ ഉലമയുടെ തീരുമാനങ്ങള്‍ എല്ലാ ശാഖകളിലും വായിച്ചുകള്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കപ്പെടുകയും അപ്രകാരം ചെയ്തുവരുന്നതായും എനിക്കറിയാന്‍ കഴിഞ്ഞു. മുജാഹിദ് പ്രസ്ഥാനത്തില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ. നാം ഖുര്‍ആനിന്റെയും നബിചര്യയുടേയും പ്രകാശത്തിലാണ് ഏത് കാര്യത്തേയും വിലയിരുത്തേണ്ടത്. ഖുര്‍ആനിനോടും സുന്നത്തിനോടും യോജിക്കുന്ന തീരുമാനങ്ങള്‍ ശരിയും അല്ലാഹുവിന്റെ തൃപ്തി ലഭിക്കുന്നവയുമായിരിക്കും. അവക്ക് വിരുദ്ധമായവ തെറ്റും അല്ലാഹുവിന്റെ കാപത്തിന് ഇടവരുത്തുന്നവയുമായിരിക്കും. ഖുര്‍ആനോടും സുന്നത്തിനോടും അനുരൂപമായ പണ്ഡിതതീരുമാനങ്ങളും വിധികളും നാം സ്വീകരിക്കേണ്ടതാണ്. അവക്ക് വിരുദ്ധമായവയെ നാം തള്ളിക്കളയുകയും ജനങ്ങളെ അതിനെ കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്യേണ്ടതുമാണ്. അതൊരു പ്രബോധകന്റേയും പണ്ഡിതന്റേയും ഒഴിച്ചുകൂടാത്ത ബാധ്യതയാണ്. അതിന് ജനങ്ങള്‍ക്കുള്ള നസ്വീഹത്ത് എന്ന് പറയുന്നു. നബി(സ്വ) പറഞ്ഞു: മതം എന്നാല്‍ നസ്വീഹത്താകുന്നു. ഈ ആദര്‍ശത്തെ മുന്‍നിര്‍ത്തി കേരള ജംഇയ്യത്തുല്‍ ഉലമയുടെ തീരുമാനങ്ങളെ സ്വാഗതം ചെയ്യുന്നതോടൊപ്പം അതില്‍ കാണാന്‍ കഴിഞ്ഞ ചില പിഴവുകളേയും ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രയോഗങ്ങളേയും ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ജംഇയ്യത്തുല്‍ ഉലമയുടെ മൂന്നാം തീരുമാനത്തില്‍ ഹാക്കിമിയ്യത്ത്, വലാഅ് എന്നിവ തൌഹീദില്‍ പരിഗണിക്കേണ്ട കാര്യങ്ങളല്ലെന്ന് പ്രസ്താവിക്കുന്നതായി കാണുന്നു. തൌഹീദിനെ വിഭജിക്കുമ്പോള്‍ തൌഹീദുര്‍റുബൂബിയ്യ, തൌഹീദുല്‍ ഉലൂഹിയ്യ, തൌഹീദുല്‍ അസ്മാഇ വസ്സ്വിഫാത്ത് എന്നിങ്ങനെ മൂന്നായി വിഭജിച്ചാല്‍ മതിയാകുന്നതാണ്. ഹാക്കിമിയ്യത്തിനേയും വലാഇനേയും പ്രത്യേക ഇനങ്ങളായി എണ്ണേണ്ടആവശ്യമില്ല. എന്നാല്‍ ഹാക്കിമിയ്യത്തും വലാഉം തൌഹീദുമായി ബന്ധമില്ലാത്ത കാര്യങ്ങളാണെന്ന് പറയാവതല്ല. ജംഇയ്യത്തുല്‍ ഉലമായുടെ തീരുമാനങ്ങള്‍ വായിക്കുന്ന ഒരാള്‍ ഇവ രണ്ടും തൌഹീദുമായി ഒരുബന്ധവുമില്ലാത്ത കാര്യങ്ങളാണെന്ന് ധരിക്കാനിടയുണ്ട്. അതിനാല്‍ അക്കാര്യം കൂടി ജംഇയ്യത്തിന്റെ തീരുമാനത്തില്‍ വ്യക്തമാക്കേണ്ടതായിരുന്നു. അല്ലാഹുവാണ് വിധികര്‍ത്താവ്. അവന്റെ വിധിയെ സ്വീകരിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. അല്ലാഹു പറയുന്നു: 'അല്ലാഹുവും അവന്റെ ദൂതനും ഒരു കാര്യത്തില്‍ തിരുമാനമെടുത്തുകഴിഞ്ഞാല്‍ ഒരു സത്യവിശ്വാസിക്കാകട്ടെ, വിശ്വാസിനിക്കാകട്ടെ തങ്ങളുടെ കാര്യത്തില്‍ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല.(അല്‍ അഹ്സാബ്: 36).
അല്ലാഹുവിന്റെ ഹാക്കിമിയ്യത്തിനെ അംഗീകരിക്കാത്തവന്‍ വിശ്വാസിയല്ലെന്ന് ഇതില്‍നിന്ന് വളരെവ്യക്തമാണ്. അതിനാല്‍ തൌഹീദില്‍ പരിഗണിക്കേണ്ട വിഷയം തന്നെയാണ് ഹാക്കിമിയ്യത്ത് എന്ന് മനസിലാക്കാവുന്നതാണ്. അഥവാ ഒരു വിശ്വാസിയുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്ക് വിധേയമാവേണ്ടതാണ്....ചുരുക്കിപ്പറഞ്ഞാല്‍ ഹാക്കിമിയ്യത്തും വലാഉം തൌഹീദിന്റെഅനിവാര്യഗുണങ്ങളാണ്. അത് ഇഖ്വാനികളുടേയും ജമാഅത്തുകാരുടേയും ആദര്‍ശമല്ല. ഖുര്‍ആനും നബിചര്യയും പഠിപ്പിക്കുന്ന ആദര്‍ശമാണ്. അഥവാ അഹ്ലുസ്സുന്നത്തി വല്‍ ജമാഅ:യുടെ ആശയമാണ്. ജംഇയ്യത്തുല്‍ ഉലമാ നിര്‍വാഹക സമിതിയുടെ തീരുമാനങ്ങളില്‍ ഖുര്‍ആനോടും സുന്നത്തിനോടും വിയോജിക്കുന്നതായി എനിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ് ഇവിടെ പ്രസ്താവിച്ചത്. ജംഇയ്യത്തുല്‍ ഉലമ അതിന്റെ തീരുമാനം പുന:പരിശോധിക്കുകയും സത്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യണമെന്ന് പ്രത്യാശിക്കുന്നു. ദുര്‍വാശികളും തര്‍ക്കവിതര്‍ക്കങ്ങളും ഉപകരിക്കാത്ത ഒരു നാളില്‍ വിജയികളാകാന്‍ പരിശ്രമിക്കുക. (അബ്ദു സമദ് അല്‍കാതിബ് കേരളാ ജംഇയ്യത്തുല്‍ ഉലമയിലെ പണ്ഡിതന്മാര്‍ക്ക് അയച്ച കത്തില്‍ നിന്ന്. ഉദ്ധരണം: പ്രബോധനം വാരിക 2 ജൂണ്‍ 2007)
തൌഹീദിന്റെ സുപ്രധാനമായ ഒരു വശമായ ഹാക്കിമിയ്യത്തുമായി ബന്ധപ്പെട്ട് താനെഴുതിയ കാര്യങ്ങള്‍ മുജാഹിദുകളുടെ വീക്ഷണത്തില്‍ 'മതരാഷ്ട്രവാദവും മൌദൂദിയുടെ കണ്ടുപിടുത്തമായ രാഷ്ട്രീയ ഇസ്ലാമിന്റെ അപകടം പിടിച്ച വശവും' ആയതിനാലാണല്ലോ 'ഹാക്കിമിയ്യത്ത് തൌഹീദിന്റെ അനിവാര്യഗുണമാണെന്നത് ഇഖ്വാനികളുടേയും ജമാഅത്തുകാരുടേയും ആദര്‍ശമല്ല. ഖുര്‍ആനും നബിചര്യയുംപ ഠിപ്പിക്കുന്ന ആദര്‍ശമാണ്. അഥവാ അഹ്ലുസ്സുന്നത്തി വല്‍ ജമാഅ:യുടെ ആശയമാണെ'ന്ന് അബ്ദുസ്സമദ് കാതിബിന് എഴുതേണ്ടി വന്നത്. എന്നിട്ടും 'കാത്തിബിന്റെ കത്ത്' പ്രബോധനത്തിലൂടെ പുറത്തുവന്നപ്പോള്‍, അത് തങ്ങളൂടെ 'കേരളാ സ്പെഷ്യല്‍ മുറിയന്‍ തൌഹീദി'ന് ഇളക്കം സൃഷ്ടിക്കുമോ എന്ന്പേടിച്ചതിനാല്‍ മുജാഹിദുകള്‍ അതിനോട് പ്രതികരിച്ചു. ശബാബ് വാരികയില്‍ എം.ഐ മുഹമ്മദലി സുല്ലമി വെപ്രാളപ്പെട്ട് എഴുതിയതിപ്രകാരം വായിക്കാം. 'ശൈഖ് കാതിബും മുജാഹിദുകളും പറയുന്ന കാര്യങ്ങള്‍ക്കിടയില്‍ അന്തരമില്ലെന്ന് വ്യക്തമാണ്... കാതിബും സയ്യിദ് മൌദൂദിയും ജമാഅത്തെ ഇസ്ലാമിയും പറഞ്ഞത് വ്യത്യസ്ഥങ്ങളാണ്'. മാന്യ മുജാഹിദ് സുഹൃത്തെ, എങ്കില്‍ പിന്നെ കാതിബ് എന്തിന് മുജാഹിദ് സുഹൃത്തുക്കള്‍ക്കുംപ്രവര്‍ത്തകര്‍ക്കും തെറ്റ് തിരുത്താനാവശ്യപ്പെട്ട് കത്തെഴുതി?. മുജാഹിദുകളും കാതിബും പറയുന്നത് ഒന്നാണെങ്കില്‍ പിന്നെ നാല് പേജ് വരുന്ന വിശദീകരണക്കത്തിന്റെ പ്രസക്തിയെന്ത്?.
മുഹമ്മദലി സുല്ലമി തുടര്‍ന്ന് എഴുതുന്നു: 'മുജാഹിദുകള്‍ അല്ലാഹുവിന്റെ വിധിയെ മാനിക്കുന്നു. ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥിതിയെ അംഗീകരിക്കുന്ന ഭരണകൂടങ്ങളോടും രാഷ്ട്രീയ കക്ഷികളോടും സ്വീകരികണ്ട നിലപാട് മുജാഹിദുകള്‍ കണ്ടെത്തിയത് സ്വന്തം ഭാവനയില്‍നിന്നല്ല. പ്രത്യുത ഖുര്‍ആന്റേയും പ്രവാചകന്റേയും അദ്ധ്യാപനങ്ങളില്‍ നിന്നും ചരിത്ര മാതൃകകളില്‍ നിന്നുമാണ്'. ഇതെഴുതിയ വ്യക്തി തന്നെ മുമ്പ് ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ചുകാണ്ട് താനെഴുതിയ 'ജമാഅത്തെ ഇസ്ലാമി പരിവര്‍ത്തനത്തിലൂടെ' എന്ന പുസ്തകത്തില്‍ പറയുന്നത് കാണുക: 'എന്നാല്‍ രാഷ്ട്രീയം ഇസ്‌ലാം മനുഷ്യ ബുദ്ധിക്ക് വിട്ടു തന്നിരിക്കുന്നു. അതൊരു ദീന്‍ കാര്യമായിരുന്നെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നില്ല.'(പേജ്:69) പ്രമുഖ മുജാഹിദ് പണ്ഡിതന്‍ ക. ഉമര്‍ മൌലവി പറഞ്ഞതും ഇതിനോട് ചേര്‍ത്ത് വായിക്കുക. 'തൌഹീദിന്റെ വിശാലമായ അര്‍ഥകല്‍പനയില്‍ ഭരണവും ഉള്‍പ്പെടുമായിരുന്നെങ്കില്‍ തീര്‍ച്ചയായും അണുഅളവ് തെറ്റാതെ കണിശവും സുവ്യക്തവുമായ നിയമനിര്‍ദ്ദേശങ്ങള്‍ തിരുമേനി നല്‍കുമായിരുന്നു. പക്ഷേ ഭരണം ദുന്‍യാവിന്റെ കാര്യമായതിനാല്‍ അതതുകാലത്തെ ജനങ്ങള്‍ കൂടിയാലോചിച്ച് തീരുമാനിക്കട്ടെ. 'നിങ്ങളുടെ ലൌകിക കാര്യങ്ങളില്‍ കൂടുതല്‍ അറിവുള്ളവര്‍ നിങ്ങള്‍ തന്നെയാണെ'ന്ന തിരുവചനത്തിന്റെ താല്‍പര്യത്തോട് അനുരൂപമായിക്കൊണ്ടാണ് തിരുമേനി അതിനെകുറിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാതിരുന്നത്.(സല്‍സബീല്‍: പു:2 ലക്കം:2 പേ:6). രാഷ്ട്രിയ രംഗത്ത് സ്വീകരിക്കേണ്ട സമീപനത്തെ കുറിച്ച ചോദ്യത്തിന് ഇതേ പണ്ഡിതന്‍ നല്‍കിയ മറുപടി ഇങ്ങനെ വായിക്കാം. 'യഥാര്‍ഥ മുസ്ലിമായി ജീവിക്കാന്‍ രാഷ്ടീയ പാര്‍ട്ടികളെ അന്വേഷിക്കേണ്ട ആവശ്യമില്ല. അന്വേഷിച്ചാലൊക്കുകയുമില്ല. മതഗ്രന്ഥങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ മുതലായവ വാങ്ങാന്‍ ആരും മീന്‍മാര്‍ക്കറ്റില്‍ പോവുകയില്ലല്ലോ'. (സല്‍സബീല്‍: പു:2, ല:9,പേ:32)
ഇതുവെച്ചുകാണ്ട് ചോദിക്കട്ടെ: മുജാഹിദുകള്‍ എന്നുമുതലാണ് സ്വര്‍ണം വാങ്ങാന്‍ മീന്‍മാര്‍ക്കറ്റില്‍ പോകാന്‍ തുടങ്ങിയത്?. മനുഷ്യ ബുദ്ധിക്ക് വിട്ടുതന്ന ഭൌതിക കാര്യമാണോ ഇപ്പോള്‍ മുജാഹിദുകള്‍ ഖുര്‍ആനിലും പ്രവാചകചര്യയിലും ഇസ്ലാമിക ചരിത്രത്തിലും പരതുന്നത്.? അതുമല്ലെങ്കില്‍ ഹാക്കിമിയ്യത്തില്ലാത്ത 'കേരളമുജാഹിദ് സ്പെഷ്യല്‍ തൌഹീദി'ല്‍ നിന്നുള്ള 'ആദര്‍ശവ്യതിയാന'വും 'സാല്‍വേഷനു'മാണോ ഇത്?. ആണെങ്കില്‍ അത് തുറന്ന് പറയുക. ജമാഅത്തെ ഇസ്ലാമി അതിനെ സസന്തോഷംസ്വാഗതം ചെയ്യുന്നു.
ശബാബ് ലേഖകന്‍ വീണ്ടും എഴുതുന്നു: 'അല്ലാഹുവിന്റെ വിധികര്‍തൃത്വം മുജാഹിദുകളോ മറ്റു മുസ്‌ലിംസംഘടനകളോ നിഷേധിക്കുന്നില്ല'. എങ്കില്‍ പിന്നെ അക്കാര്യം ഊന്നിപ്പറഞ്ഞ്, മുജാഹിദ് നേതൃത്വം തെറ്റുതിരുത്താനാവശ്യപ്പെട്ട് കാതിബ് എന്തിന് കത്തയച്ചു?. -മുജാഹിദ് സുഹൃത്തെ, ഒന്നു പറഞ്ഞുതന്നാലും. അദ്ദേഹം തുടരുന്നു: 'ജമാഅത്തെ ഇസ്ലാമി നല്‍കുന്ന പ്രമാണബദ്ധമല്ലാത്ത ഹാക്കിമിയ്യത്ത്നിര്‍വചനത്തേയും അതിന്റെ ആഘാതങ്ങളെയുമാണ് ജമാഅത്തേതര മുസ്ലിംകള്‍ വിമര്‍ശിക്കുന്നത്.
ശാസനാധികാരം അല്ലാഹുവിന് മാത്രം എന്ന ദൈവിക സന്ദേശത്തെ ഖവാരിജുകള്‍ ദുര്‍വ്യാഖ്യാനിച്ചു. അവര്‍ തീവ്രവാദത്തിലാപതിച്ചു. മറ്റൊരു ദുര്‍വ്യാഖ്യാനത്തിലൂടെ ജമാഅത്തെ ഇസ്ലാമിയും ആത്യന്തികവാദത്തില്‍ വീണുപോയി'. ഹാക്കിമിയ്യത്തിന്റെ വിഷയത്തിലുള്ള ജമാഅത്തിന്റെ 'പ്രമാണബദ്ധമല്ലാത്ത', 'ആത്യന്തികവാദ'ത്തെ കുറിച്ച് പരിതപിക്കുന്ന ഇതേ സുല്ലമി, തന്റെ 'ഗള്‍ഫ് സലഫികളും മുജാഹിദ് പ്രസ്ഥാനവും' എന്ന പുസ്തകത്തില്‍ പറയുന്നത് കാണുക: 'ചുരുക്കിപ്പറഞ്ഞാല്‍ ഇസ്ലാമികതര ഭരണകൂടങ്ങളോടും കാടതികളോടും ബന്ധപ്പെട്ട കാര്യങ്ങളില്‍ ഗള്‍ഫ് സലഫികളുടേയും ഇസ്വ്ലാഹീ പ്രസ്ഥാനത്തിന്റേയും 'മന്‍ഹജു'കള്‍ തമ്മില്‍ മൌലികമായ അന്തരമുണ്ട്. മാത്രമല്ല, ഈ വിഷയത്തില്‍ യഥാര്‍ഥ ഇഖ്വാനികളൂടേയും മൌദൂദികളുടേയും 'മന്‍ഹജി'ലാണ് ഗള്‍ഫ് സലഫികള്‍ നിലകാള്ളൂന്നത്.' (പേജ്:115). അപ്പോള്‍ഹാക്കിമിയ്യത്തില്‍ ദുര്‍വ്യാഖ്യാനം നടത്തിയത് ഗള്‍ഫ് സലഫികളോ കേരള മുജാഹിദുകളോ?. 'ആത്യന്തിക വാദ'വും 'പ്രമാണബദ്ധമല്ലാത്ത' കാഴ്ചപ്പാടും ജമാഅത്തിന്റേതോ? സലഫികളുടേതോ?. അതോ മുജാഹിദുകളുടേതോ?. ശൈഖ് കാതിബ് സുഊദി സലഫികളുടെ കൂടെയോ അതോ കേരളാ മുജാഹിദുകളുടെ കൂടെയോ?. ജമാഅത്തെ ഇസ്ലാമി ഏതായാലും ഗള്‍ഫ് സലഫികളടക്കമുള്ള ലോക ഇസ്ലാമികസമൂഹത്തോടൊപ്പമാണെന്നതിന് സുല്ലമിയുടെ തന്നെ മേല്‍ വാചകം വ്യക്തമായ സക്ഷ്യപത്രമാണല്ലോ.
'പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍' എന്നല്ലാതെ ഇതിനെ പറ്റി കുടുതലെന്ത് പറയാന്‍?. സുല്ലമിതന്നെ തുടരട്ടെ. 'മുജാഹിദുകളും ജമാഅത്തും തമ്മിലുള്ള തര്‍ക്കത്തിന്റെ മര്‍മം ഹാക്കിമിയ്യത്തിലാണെന്ന് ചില ജമാഅത്ത് നേതാക്കള്‍ അടുത്ത കാലത്ത് കണ്ടുപിടിച്ച പുതിയ അടവാണ്. മുജാഹിദുകള്‍ അല്ലാഹുവിന്റെ ഹാക്കിമിയ്യത്തിനെ നിരാകരിക്കുന്നു എന്നവര്‍ പെരുമ്പറയടിക്കുന്നു' (പേജ്: 12).
പ്രിയ മുജാഹിദ് സുഹൃത്തെ, ഹാക്കിമിയ്യത്ത് തൌഹീദില്‍ ഉള്‍ചേര്‍ന്നതാണെന്ന് മുജാഹിദുകള്‍ അംഗീകരിക്കുന്നുവെങ്കില്‍ 'സലഫി മന്‍ഹജില്‍ നിന്ന് കേരള മുജാഹിദ് മന്‍ഹജ് വ്യത്യസ്തമായ'തെങ്ങനെ?. 'ഹാക്കിമിയ്യത്തും വലാഉം തൌഹീദിന്റെ ഭാഗമല്ലെ'ന്ന് ദ്യോതിപ്പിക്കുന്ന കേരള ജംഇയ്യത്തുല്‍ ഉലമയുടെ തീരുമാനത്തെ പറ്റി എന്തുപറയുന്നു?. അത് ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമാണെന്ന കാതിബിന്റെ 'നസ്വീഹത്ത്' രൂപത്തിലുള്ള മറുപടി സ്വീകരിച്ചെങ്കിലും തങ്ങളുടെ ജാഹിലിയ്യാ വാദത്തില്‍ നിന്ന് പിന്മാറാന്‍ കേരളാ മുജാഹിദുകള്‍ തയ്യാറാകുമോ?. തങ്ങള്‍ സലഫികളണെന്ന അവകാശവാദം ഇനിയെങ്കിലുംഉപേക്ഷിച്ചുകൂടെ?. കെ.ഉമ്മര്‍ മൌലവിയും കെ.പി മുഹമ്മദ് മൌലവിയും എന്‍.വി. സക്കരിയ്യയുമൊക്കെ ഇവ്വിഷയകമായി പറഞ്ഞുവെച്ചിട്ടുള്ള മുകളിലുദ്ധരിച്ച കാര്യങ്ങള്‍, മനുഷ്യജീവിതത്തോളം വിശാലമയ, ലോക മുസ്ലിംകള്‍ അംഗീകരിക്കുന്ന ഹാക്കിമിയ്യത്തിനുള്ള അംഗീകാരമോ, അതോ നിരാകരണമോ?. ജീവിതത്തിലുടനീളം അല്ലാഹുവിന്റെ ഹാക്കിമിയ്യത്ത് അംഗീക്കരിക്കുന്നവരാണ് മുജാഹിദുകളെങ്കില്‍ അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖിന്റെ തൌഹീദ് വിശദീകരണത്തിലെ ഹാക്കിമിയ്യത്തുമായി ബന്ധപ്പെട്ട ഭാഗം നിങ്ങള്‍ക്ക് അസ്വീകാര്യമായതെന്തുകാണ്ടാണ്?. അതേപറ്റി വ്യത്യസ്താഭിപ്രയങ്ങള്‍ മുജാഹിദുകള്‍ക്കിടയില്‍ ഉണ്ടായതെങ്ങനെ?. അടിസ്ഥാനാദര്‍ശമായ തൌഹീദിന്റെ കാര്യത്തിലൂള്ള മുജാഹിദ് പണ്ഡിതന്മാരുടെ ഈ അഭിപ്രായ ഭിന്നതകളെ മുജാഹിദ് സുഹൃത്തെ ഒന്ന് 'ജംഅ്' ചെയ്ത് കാണിച്ചുതരാമോ?.
ബഹുദൈവാരാധകര്‍ അംഗീകരിക്കാത്ത വല്ല ഹാക്കിമിയ്യത്തും മുജാഹിദുകള്‍ക്കുണ്ടോ?. ഇല്ലന്നല്ലേ മേല്‍ ഉദ്ധരണികള്‍ തെളിയിക്കുന്നത്?. ജമാഅത്തും മുജാഹിദും തമ്മിലുള്ള മൌലികമായ വിയോജിപ്പും ഇതില്‍ തന്നെ. അല്ലാഹുവിന്റെ വിധികര്‍തൃത്വത്തില്‍ (ഹാക്കിമിയ്യത്ത്) വിശ്വസിക്കാന്‍ അല്ലാഹു ആവശ്യപ്പെടുന്നില്ലെന്ന് വാദിക്കുന്ന മുജാഹിദുകള്‍ പിന്നെ ഏത് ഹാക്കിമിയ്യത്താണ് അംഗീകരിക്കുന്നത്?. പ്രപഞ്ച ഭരണവും അതിലെ കാര്യനിര്‍വഹണവും അല്ലാഹുവിനാണെന്നതോ?. അത് മക്കയിലെ മുശ്രിക്കുകള്‍ക്കും തര്‍ക്കമില്ലാത്ത കാര്യമായിരുന്നില്ലേ?. തൌഹീദുര്‍റുബൂബിയ്യത്തിന് ഉലൂഹിയ്യത്തുമായും തദ്വാരാ ലാഇലാഹ ഇല്ലല്ലായുമായും ബന്ധമില്ലെന്ന് പറഞ്ഞുകാണ്ട് ഹാക്കിമിയ്യത്തിനെ റുബൂബിയ്യത്തില്‍ പരിമിതപ്പെടുത്തിയ, ലാഇലാഹ ഇല്ലല്ലാഹുവിന് അതുമായി ബന്ധമില്ലെന്ന് പറഞ്ഞ എന്‍.വി. സക്കരിയ്യയേയും, മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ഹാക്കിമിയ്യത്തിനെ സംബന്ധിച്ച് പറയുന്ന ഏതാണ്ടെല്ലാ ഖുര്‍ആനിക വചനങ്ങളേയും ആകാശലോകത്തേക്ക് കയറ്റി അയച്ച കെ.പി. മുഹമ്മദ് മൌലവിയേയും, യാതൊരു സംശയത്തിനും വകയില്ലാത്ത വിധം അല്ലാഹുവിന്റെ ഹാക്കിമിയ്യത്തിനേയും നാമ-വിശേഷണങ്ങളേയും 'ലാഇലാഹ ഇല്ലല്ലാഹുവില്‍ നിന്ന് മാറ്റിനിറുത്തിയ ഉമര്‍ മൌലവിയേയും, മതരംഗത്ത് അല്ലാഹുവിന്റെ നിയമങ്ങള്‍ മാറ്റിമറിക്കുന്നവര്‍ റബ്ബായി പരിഗണിക്കപ്പെടുകയും അതംഗീകരിക്കുന്നവര്‍ ശിര്‍ക്ക് ചെയ്തവരായി മാറുകയുംചെയ്യുമെങ്കിലും രാഷ്ട്രീയ രംഗത്ത് ഒരിക്കലും അങ്ങനെയുള്ള റബ്ബാക്കലോ ശിര്‍ക്ക് ചെയ്യലോ സംഭവിക്കുന്നില്ല എന്നെഴുതിയ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയെയും തന്റെ പരമാധികാരം അംഗീകരിക്കാനല്ല അല്ലാഹു ആവശ്യപ്പെടുന്നത് എന്നെഴുതിയ ശബാബിലെ ലേഖകനേയും ന്യായീകരിക്കാന്‍ ഹാക്കിമിയ്യത്ത് പൂര്‍ണമായംഗീകരിച്ച ഒരു മുവഹ്ഹിദിന് എങ്ങനെ സാധിക്കും?.
പ്രാപഞ്ചിക ഭരണവുമായി മാത്രം ബന്ധപ്പെട്ട് ഖുര്‍ആനില്‍ വന്നിട്ടുള്ള 'ഹുക്മ്' 'ഹാക്കിമിയ്യത്ത്' തുടങ്ങിയ പ്രയോഗങ്ങള്‍ മനുഷ്യജീവിതത്തിലുടനീളം 'ഹാക്കിമിയ്യത്ത്' അല്ലാഹുവിനാണെന്നതിനുള്ള ന്യായമായിട്ടാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നതെന്നതിനാല്‍ അത്തരം സൂക്തങ്ങളെപോലും (ഉദാഹരണമായി സൂറ: അല്‍ കഹ്ഫിലെ 26-ാം സൂക്തം) ഭൂമിയിലെ 'ഹുക്കൂമത്തുല്‍ ഇലാഹിയ്യ'ക്ക് തെളിവായി ധാരാളമായി ഉദ്ധരിച്ചിട്ടുള്ള ശൈഖ് ഇബ്നുബാസ്, അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖ്, മുഹമ്മദ് ബിന്‍ ജമീല്‍ സൈനു, ശൈഖ് മുഹമ്മദ് അല്‍ അമീന്‍ അശ്ശന്‍ഖീതി തുടങ്ങിയവരുടെ നിലപാടിനെ കുറിച്ച് (വിശദീകരണം ഈ ഗ്രന്ഥത്തിന്റെ നാലാം ഭാഗത്ത് വരുന്നുണ്ട്) താങ്കളുടെ അഭിപ്രായമെന്താണ്?. അവരൊക്കെ 'രാഷ്ട്രീയക്കണ്ണുള്ള മതപ്രവര്‍ത്തകരാ'യിരുന്നോ?. (കെ.പി. മുഹമ്മദ് മൌലവിയോട് കടപ്പാട്), തൌഹീദിലും ഹാക്കിമിയ്യത്തിലും സലഫി മന്‍ഹജില്‍ നിന്ന് വ്യതിചലിച്ചവരും 'സുറൂറി'കളും ആയിരുന്നോ?. 'ആദര്‍ശവ്യതിയാനം' ആരോപിച്ച് പുതിയൊരു 'സലഫി ഗ്രൂപ്പ്' ഉണ്ടാക്കാനുള്ള സ്പെയ്സ് ഏതായാലും ഒഴിഞ്ഞുകിടക്കുന്നുണ്ട് അല്ലേ?!.
No comments:
Post a Comment