അധ്യായം എട്ട്
മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയം:
ജമാഅത്തുകാര്‍ പിന്തിരിപ്പന്മാരാണെങ്കില്‍ സലഫികളോ? അനിസ്‌ലാമിക ഭരണകൂടങ്ങളെ വിട്ടകന്ന് നില്‍ക്കുക എന്നതാണ് തദ്വിഷയകമായ ഇസ്‌ലാമിന്റെ താത്വിക നിപാട് എന്ന് പറയുമ്പോള്‍ ആദര്‍ശപ്രചോദിതമായ പ്രസ്തുത നിലപാട് സ്വീകരിക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്കെതിരെ അറുപിന്തിരിപ്പന്മാരെന്നും മുസ്‌ലിംകളുടെ പുരോഗതിക്ക് തടസ്സം നില്‍ക്കുന്നവരെന്നും ഫാസിസ്റ്റ് വര്‍ഗീയ ശക്തികള്‍ക്ക് വളംവെക്കുന്നവരെന്നും ദുരാരോപണമുന്നയിക്കുന്നവരാണ് കേരളത്തിലെ മുജാഹിദ് സുഹൃത്തുക്കള്‍. മനുഷ്യനിര്‍മിത നിയമങ്ങള്‍ നടപ്പിലാക്കുന്ന ഭരണകൂടങ്ങള്‍ ത്വാഗൂത്തുകളുടെ ഗണത്തിലാണ് പെടുകയെന്നും അതിനാല്‍തന്നെ അവയെ വെടിയുകയാണ് വേണ്ടതെന്നും, അത്തരം ഭരണകൂടങ്ങളൂടെ ചാലകശക്തികളായി നില ള്ളുന്നത് ഇസ്‌ലാമികാദര്‍ശത്തിന് നിരക്കുന്നതല്ലെന്നും, എവിടെയായാലും മുസ്‌ലിംകള്‍ ഇസ്‌ലാമിക വ്യവസ്ഥക്ക് വേണ്ടിയാണ് ശ്രമിക്കേണ്ടതെന്നുമുള്ള ഇസ്‌ലാമിക തത്വം ഉറക്കെ പ്രഖ്യാപിച്ചതിന്റെ പേരില്‍ മുജാഹിദുകളില്‍നിന്നും ജമാഅത്തെ ഇസ്‌ലാമിക്ക് കേള്‍ക്കേണ്ടി വന്ന പഴികള്‍ക്ക് കയ്യും കണക്കുമില്ല . ഏതാനും ഉദാഹരണങ്ങള്‍ കാണുക:
ഐ.എസ്.എം കോഴിക്കോട് സിറ്റി മേഖലാ കമ്മിറ്റി പ്രസിദ്ധീകരിച്ച 'ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയത്തിലേക്ക്?.!' എന്ന ലഘുലേഖയിലെ ഏതാനും പരാമര്‍ശങ്ങള്‍ ഇങ്ങനെ വായിക്കാം:
'ഇന്ത്യപോലുള്ള ഒരു രാജ്യത്ത് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആവുന്നതും സര്‍ക്കാര്‍ജോലി സ്വീകരിക്കുന്നതും വോട്ടവകാശം വിനിയോഗിക്കുന്നത് പോലും ബഹുദൈവത്വ ആശയം സ്വീകരിക്കലാണെന്ന് പ്രഖ്യാപിച്ച ജമാഅത്തെ ഇസ്‌ലാമിക്ക് ഇസ്‌ലാമിന്റെ ആദര്‍ശാടിത്തറ മനസ്സിലാക്കിയേടത്ത്കടുത്ത അബദ്ധം പറ്റിയെന്ന് ബോധ്യമാകാന്‍ അവര്‍ കഴിഞ്ഞ കാലങ്ങളില്‍ തങ്ങളുടെ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയ ചില ഉദ്ധരണികള്‍ നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നു. (തുടര്‍ന്ന്, മതേതര ജനാധിപത്യം ഇസ്‌ലാമിന് എതിരാണ്, അനിസ്‌ലാമിക ഭരണ വ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗവാക്കാകുന്നത് മുസ്‌ലിംകള്‍ക്ക് നിഷിദ്ധമാണ്, അത്തരം വ്യവസ്ഥയുടെ നിലനില്‍പ്പിന് വേണ്ടി വോട്ടുചെയ്യുന്നത് അനുവദനീയമല്ല, പ്രജാധിപത്യവും ഏകാധിപത്യവും ശിര്‍ക്കാണ്, സാമ്രാജ്യത്വ ഭരണവും ജനാധിപത്യ ഭരണവും ആദര്‍ശപരമായ വീക്ഷണത്തില്‍ തുല്യമാണ്, അനിസ്‌ലാമിക ഗവണ്‍മെന്റിന് കീഴിലെ ഉദ്യോഗത്തിനായി വെമ്പല്‍കൊള്ളുന്ന പ്രവണത ശരിയായ രീതിയല്ല... എന്നിങ്ങനെയുള്ള, ജമാഅത്ത് സാഹിത്യങ്ങളിലെ, മുജാഹിദുകള്‍ സ്ഥിരമായി ഉദ്ധരിക്കാറുള്ള ഏതാനും ഉദ്ധരണികള്‍ എടുത്തുചേര്‍ത്തുകൊണ്ട് വീണ്ടും എഴുതുന്നു): ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശത്തെ വ്യാഖ്യാനിച്ചേടത്ത് മൗലാനാ മൌദൂദിക്ക് പറ്റിയ ഗുരുതരമായ തെറ്റ് ജമാഅത്ത് ഏറ്റെടുത്ത് പ്രചരിപ്പിച്ചതിന്റെ ഏതാനും ഉദാഹരണങ്ങളാണ് മുകളില്‍ വായിച്ചത്. ഇത്തരം കൃതികള്‍ ഇപ്പോഴും വിറ്റഴിക്കുകയും മറുഭാഗത്ത് മതേതര ജനാധിപത്യ വക്താക്കളായി രാഷ്ട്രീയ രംഗത്തേക്ക് ജമാഅത്ത് കടന്നുവരികയും ചെയ്യുന്നു !. ഇടതും വലതും നിന്ന് രാഷ്ട്രീയം കയ്യാളുന്നവരും ജനാധിപത്യ,മതേതര ഭാരതം പുലരണമെന്ന് കാംക്ഷിക്കുന്നവരും ജനതാല്‍പര്യത്തിലധിഷ്ഠിതമായി ഗൗരവപൂര്‍വം ചിന്തിക്കേണ്ടതുണ്ട്. താല്‍ക്കാലിക കാര്യലാഭങ്ങള്‍ക്ക് വേണ്ടിയുള്ള ചങ്ങാത്തങ്ങളും കുറ്റകരമായ മൌനവും രാജ്യത്തിന് വരുത്തിവെക്കുന്ന അപരിഹാര്യമായ നഷ്ടങ്ങളെ സംബന്ധിച്ച് ചിന്തിക്കുക.'
സുഊദി അറേബ്യയിലെ യാമ്പൂ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പുറത്തിറക്കിയ 'ജമാഅത്തെ ഇസ്‌ലാമി എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു?.' എന്ന ലഘുലേഖ പറയുന്നത് കാണുക: ജനാധിപത്യ വ്യവസ്ഥക്ക് കീഴിലുള്ള ഭരണക്രമത്തില്‍ പങ്കാളിയാകുന്നത് മാത്രമല്ല, പ്രസ്തുത വ്യവസ്ഥയുടെ കീഴില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വോട്ട്ചെയ്യുന്നതുപോലും നിഷിദ്ധമാണെന്നായിരുന്നു ജമാഅത്ത് പ്രചരിപ്പിച്ചിരുന്നത്.ഒരു വ്യക്തിക്ക് വോട്ടുചെയ്യുകയെന്നാല്‍ അയാള്‍ പ്രതിനിധീകരിക്കുന്ന സംഘടനക്ക് ബൈഅത്ത് ചെയ്യുകയാണെന്നും പ്രസ്തുത സംഘടനകള്‍ ജനാധിപത്യം മതേതരത്വം തുടങ്ങിയ അനിസ്‌ലാമിക തത്വങ്ങള്‍ (?) അംഗീകരിക്കുന്നവയാകയാല്‍ വോട്ട് ചെയ്യുന്നത് അനുവദനീയമല്ലെന്നുമായിരുന്നു ന്യായം.... ജനാധിപത്യം തന്നെ ദൈവവിരുദ്ധമാണെന്ന് പഠിപ്പിച്ച ജമാഅത്ത് കോടതിയില്‍ പോകുന്നതും അവിടെനിന്ന് വിധി സമ്പാദിക്കുന്നതുമെല്ലാം ഇസ്‌ലാമിക വിരുദ്ധമാണെന്നാണ് വാദിച്ചത്.... മുസ്‌ലിമിന് കലക്ടറോ അംബാസിഡറോ ജഡ്ജിയോ ഒന്നും ആകാന്‍ പാടില്ല!. ഇവരുടെ ഓഫീസിലെ ക്ലര്‍ക്കും പ്യൂണുമാകാം.ഇതാണ് ജമാഅത്ത് വാദം... സമുദായം ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വേദാന്തം പരിഗണിക്കാതെ പുരോഗതിയിലേക്ക് കുതിച്ചു; ഇപ്പോഴും കുതിച്ചുകൊണ്ടിരിക്കുന്നു; അല്ലാഹുവിന് സ്തുതി!... പഴയ താളുകളിലെ അക്ഷരങ്ങള്‍ പുറത്തു കാണിക്കാതിരിക്കാനാണ് ജമാഅത്ത് ഇന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ചിലപ്പോഴെല്ലാം മുഖാമുഖങ്ങളിലെ ശക്തമായ ചോദ്യങ്ങള്‍ കുടത്തിന്റെ മൂടി തുറന്ന് ഭൂതത്തെ പുറത്ത് ചാടിക്കാറുണ്ട്. മുഴുവന്‍ പുറത്ത് വരാന്‍ അനുവദിച്ചാലേ ഭൂതത്തിന്റെ വികൃതമായ മുഖം ലോകത്തിന് കാണാന്‍ കഴിയൂ. അത് ഈ സമുദായത്തെ തന്നെ പിടിച്ചുതിന്നുന്ന ഭൂതമാണെന്ന വസ്തുത നാം തിരിച്ചറിയേണ്ടതുണ്ട്.
വിചിന്തനം വാരിക എഴുതുന്നു: 'യാഥാസ്ഥിതികരെ വെല്ലുന്ന പിന്തിരിപ്പനാശയങ്ങളാണ് ഉല്‍പ്പതിഷ്ണു നാട്യക്കാരായ ജമാഅത്തുകാര്‍ ധീരധീരം എഴുതി വിട്ടത്.(2009 മാര്‍ച്ച് 20, പേജ്:6)
മുജാഹിദ് ബുദ്ധിജീവി സി.ടി അബ്ദുര്‍റഹീം എഴുതുന്നു: അനിസ്‌ലാമിക ഗവണ്‍മെന്റിന് കീഴില്‍ ഉദ്യോഗങ്ങള്‍, പ്രത്യേകിച്ച് 'കുഞ്ചികസ്ഥാനങ്ങള്‍' വഹിച്ചുകൂടാത്തതിനാല്‍ മുസ്‌ലിംകള്‍ ഇന്ത്യയില്‍ സര്‍ക്കാര്‍ പദവികള്‍ ബഹിഷ്കരിക്കണമെന്ന് വാദിച്ചത് മുസ്‌ലിംകളില്‍ മൗദൂദിയുടെ പക്ഷക്കാര്‍ മാത്രമാണ്. അതേസമയം ഹിന്ദുക്കളില്‍ തീവ്രവര്‍ഗീയവാദികള്‍ ശഠിക്കുന്നത് മുസ്‌ലിംകളെ ഉദ്യോഗങ്ങളില്‍നിന്ന് അകറ്റി നിര്‍ത്തണമെന്നും. ഫലത്തില്‍ രണ്ടുകൂട്ടരും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ മുസ്‌ലിംകള്‍ പാടില്ലെന്നതില്‍ കൈകോര്‍ക്കുന്നു!. എന്നിട്ടോ, കാര്യസാധ്യത്തിന് ഉദ്യോഗസ്ഥരുടെ കാലുകളില്‍ കെട്ടിപ്പിടിച്ചു കേഴുന്ന ദയനീയാവസ്ഥക്ക് മുസ്‌ലിംകള്‍ സാക്ഷികളാവുന്നു!. സമുദായത്തെ ഉദ്ധരിക്കാന്‍ കണ്ടുപിടിച്ച ഈ മാര്‍ഗം ബഹുവിചിത്രം തന്നെ!!.(ബഹുമത സമൂഹത്തിലെ മുസ്ലിം, പേജ്: 25)
അബ്ദുര്‍റഹ്മാന്‍ ഇരിവേറ്റി എഴുതുന്നു: 'ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ 'ലാത്ത' പോയി 'മനാത്ത' വന്നു എന്നാണല്ലോ ഈ പാര്‍ട്ടി വിലയിരുത്തിയത്!. ലാത്തയും മനാത്തയും പൂര്‍വകാല അറബി ബഹുദൈവാരാധകരുടെ ബിംബങ്ങളായിരുന്നുവല്ലോ. ബ്രിട്ടന്റെ വിദേശീ ഭരണവും കോണ്‍ഗ്രസ് നടപ്പാക്കിയ ജനാധിപത്യ മതേതരത്വ ഭരണവും ജമാഅത്തെ ഇസ്‌ലാമിക്ക് തുല്യമായിരുന്നു എന്നര്‍ഥം. രണ്ടും ബിംബങ്ങള്‍. രണ്ടും നിഷിദ്ധങ്ങള്‍. രണ്ടും അല്ലാഹുവിന്റെ ഭരണമല്ലല്ലോ. അതിനാല്‍ 'മനാത്ത'യുടെ കീഴില്‍ ജോലി ചെയ്തിരുന്ന മുസ്‌ലിംകളോടൊക്കെ ഉദ്യോഗം രാജിവെക്കാന്‍ ഈ സംഘടന ആഹ്വാനം ചെയ്തു' (വിചിന്തനം വാരിക: 2009 ജനുവരി:23, പേജ്:4)
ചുരുക്കത്തില്‍ ജമാഅത്തെ ഇസ്‌ലാമിയെ മുജാഹിദുകള്‍ എതിര്‍ക്കുന്നതിന്റെ മുഖ്യകാരണം അനിസ്‌ലാമിക വ്യവസ്ഥകളോട് അത് സ്വീകരിച്ചിട്ടുള്ള, മതേതര ജനാധിപത്യം ഇസ്‌ലാമിന് എതിരാണ്,അനിസ്‌ലാമിക ഭരണവ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗവാക്കാകുന്നത് അനുവദീയമല്ല, അത്തരം വ്യവസ്ഥയുടെ നിലനില്‍പ്പിന് വേണ്ടി വോട്ടു ചെയ്യുന്നത് തെറ്റാണ്, അനിസ്‌ലാമിക ഗവണ്‍മെന്റിന് കീഴിലെ ഉദ്യോഗത്തിനായി വെമ്പല്‍ കൊള്ളുന്ന പ്രവണത ശരിയല്ല... എന്നിങ്ങനെയുള്ള (മുജാഹിദ് ഭാഷ്യമനുസരിച്ച്,അറു പിന്തിരിപ്പനും മുസ്‌ലിം സമുദായത്തെ തന്നെ പിടിച്ച് തിന്നുന്ന ദുര്‍ഭൂതവുമായ) നിലപാടുകളാണ്.
ജമാഅത്ത് വീക്ഷണപ്രകാരം ഇസ്‌ലാമികേതര വ്യവസ്ഥകളോടുള്ള ഇസ്‌ലാമിന്റെ താത്വിക നിലപാട് അന്നും ഇന്നും എന്നും അതുതന്നെയാണ്. മനുഷ്യര്‍ക്ക് മാറ്റത്തിരുത്തലുകള്‍ വരുത്താന്‍ അധികാരമില്ലാത്ത ആദര്‍ശപരമായ അടിത്തറയാണത്. അത് തുറന്നുപറയുന്നതില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ഏതെങ്കിലും കാലത്ത് ഒരു സങ്കോചവുമുണ്ടായിട്ടില്ല. ഇന്നുമില്ല. എന്നാല്‍ മുജാഹിദ് വീക്ഷണമനുസരിച്ച് ജമാഅത്തിന്റെ ഈ വീക്ഷണം ഇസ്‌ലാമിക വിരുദ്ധവും തൗഹീദിന്റെ ദുര്‍വ്യാഖ്യാനവും മൗദൂദിയുടെ രാഷ്ട്രീയ ഇസ്‌ലാമിന്റെ സൃഷ്ടിയുമാണ്.
ഇസ്‌ലാമികേതര വ്യവസ്ഥകളോടുള്ള ഇസ്‌ലാമിന്റെ ഈ സമീപന രീതി തുറന്നു പ്രഖ്യാപിച്ചതിന്റെ പേരില്‍ ജമാഅത്തെ ഇസ്‌ലാമിയെ പ്രതിക്കൂട്ടിലാക്കുന്ന, അതിരൂക്ഷമായി വിമര്‍ശിക്കുന്ന, പിന്തിരിപ്പന്മാരായി ചിത്രീകരിക്കുന്ന മുജാഹിദ് മൗലവിമാര്‍ ഒളിച്ചുകളി ഒഴിവാക്കി മറുപടി പറയേണ്ട ചില കാര്യങ്ങളുണ്ട്: മേല്‍പറഞ്ഞ, ജമാഅത്തിന്റെ അതേ നിലപാടാണ് ചിലപ്പോഴെങ്കിലും അതിനേക്കാള്‍ കടുപ്പമേറിയ രൂപത്തില്‍- ഇസ്‌ലാമികേതര ഭരണകൂടത്തോടുള്ള സമീപനത്തിന്റെ വിഷയത്തിലും ഭരണ പങ്കാളിത്തം,
തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കല്‍, വോട്ടുചെയ്യല്‍, നിയമനിര്‍മാണ സഭകളില്‍ അംഗമാകല്‍, അല്ലാഹു അവതരിപ്പിച്ചതല്ലാത്ത, മനുഷ്യനിര്‍മിത നിയമങ്ങള്‍കൊണ്ട് വിധികല്‍പിക്കല്‍, അത്തരം വ്യവസ്ഥക്ക് കീഴിലുള്ള കോടതികളില്‍നിന്ന് വിധി തേടല്‍, വക്കീലായി ജോലി ചെയ്യല്‍, മനുഷ്യനിര്‍മിത നിയമങ്ങളെ ആദരിക്കല്‍... തുടങ്ങിയ വിഷയങ്ങളില്‍ ലോക സലഫി പണ്ഡിതന്മാര്‍ സ്വീകരിച്ചിട്ടുള്ളത്!. അല്‍പംകൂടി മുന്നോട്ട് പോയി അനിസ്‌ലാമിക രാജ്യത്തെ പൗരത്വം സ്വീകരിക്കല്‍ പോലും നിഷിദ്ധമാണെന്ന് ഫത്വ നല്‍കിയവരാണ് അവര്‍!.(വിശദീകരണം താഴെ) അവരൊക്കെ അറുപിന്തിരിപ്പന്മാരും തീവ്രവാദികളും മുസ്‌ലിം പുരോഗതിക്ക് തടസ്സം നില്‍ക്കുന്നവരും സമുദായത്തെ പിടിച്ചുതിന്നുന്ന ദുര്‍ഭൂതവുമായിരുന്നോ?.
No comments:
Post a Comment